ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് പ്രവേശനാനുമതിയുമായി യു എ ഇ

ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച എല്ലാ രാജ്യക്കാര്‍ക്കും സന്ദര്‍ശക വിസ അനുവദിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ദേശീയ ദുരന്തനിവാരണ സമിതിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ യാത്ര വിലക്കുള്ള രാജ്യങ്ങളിലുള്ളവര്‍ക്കും തീരുമാനം ബാധകമാണ്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം. പി.സി.ആര്‍ പരിശോധനകളടക്കമുള്ള മാനദണ്ഡങ്ങള്‍ യാത്രക്ക് പാലിക്കണം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് വിസ നല്‍കുക. യാത്രക്കാര്‍ക്ക് ഐ.സി.എ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പൊതുജനാരോഗ്യവും വിവിധ സുപ്രധാന മേഖലകളും തമ്മിലുള്ള സന്തുലിതാവസ്ഥ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

Top