എക്‌സ്‌പോ: ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ അഞ്ചുലക്ഷം പിന്നിട്ടു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടു. 70 ദിവസത്തിനിടെയാണ് വിവിധ ലോക രാജ്യങ്ങളില്‍നിന്നുള്ള ഇത്രയും സന്ദര്‍ശകരെ പവലിയന്‍ ആകര്‍ഷിച്ചത്. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയുടെ ലക്ഷ്യങ്ങള്‍, അഭിമാനകരമായ നേട്ടങ്ങള്‍, ജനങ്ങള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്ന എക്സ്പോയിലെ പവലിയന്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതായി അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ആധുനിക ഇന്ത്യയുടെ സാധ്യതകളും സ്വാധീനവും കാണാനുള്ള സന്ദര്‍ശകരുടെ പ്രവാഹത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു ബിസിനസ് സാധ്യതകളും സാംസ്‌കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനായി, വിവിധ രാജ്യങ്ങള്‍ ഒത്തുകൂടിയ ആഗോള പ്ലാറ്റ്ഫോമായ എക്സ്പോയില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്.ഇന്ത്യ സുപ്രധാന നിക്ഷേപ കേന്ദ്രമായതിനാല്‍, ആഗോള പങ്കാളികളുമായി ബന്ധമുണ്ടാക്കുന്നതിനും രാജ്യത്തേക്ക് സുരക്ഷിത നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും എക്‌സ്‌പോ അവസരം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതല്‍ സന്ദര്‍ശകര്‍ക്കായി നിരവധി സാംസ്‌കാരിക പരിപാടികളും നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങളും പവലിയനില്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുകളില്‍ ഒന്നായി ഇന്ത്യന്‍ പവലിയനെ അംഗീകരിച്ചിട്ടുണ്ട്.

കൂടാതെ മേളയില്‍ ഏറ്റവുമധികമാളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഉള്‍പ്പെടാനും സാധിച്ചിട്ടുണ്ട്. ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം പവലിയനില്‍ നടന്നിട്ടുണ്ട്. വരും ആഴ്ചകളില്‍ മറ്റു സംസ്ഥാനങ്ങളുടെ പരിപാടികളും പവലിയനില്‍ അരങ്ങേറും. ശനിയാഴ്ച ഉത്തര്‍പ്രദേശ് ഫ്‌ലോര്‍ ഉദ്ഘാടനം പവലിയനില്‍ നടക്കുമെന്ന് ദുബൈ കോണ്‍സുല്‍ ജനറല്‍ ഓഫിസ് അറിയിച്ചു.

 

Top