‘ആദിപുരുഷ്’ സംഘത്തിന്റെ തിരുപ്പതി ക്ഷേത്ര സന്ദർശനം; വിവാദ പരാമർശവുമായി ബിജെപി നേതാവ്

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് നായകനാവുന്ന ചിത്രത്തിന്റെ പ്രീ റിലീസ് കഴിഞ്ഞ ദിവസമാണ് നടന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ശ്രീ.ശ്രീ.ശ്രീ ത്രിദാന്തി ചിന്നരാമാനുജ ജീയാര്‍ സ്വാമിജിയായിരുന്നു മുഖ്യാതിഥി. നടന്‍ പ്രഭാസ്, നടി കൃതി സനോണ്‍, സംവിധായകന്‍ ഓം റൗട്ട്, നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീത സംവിധായകരായ അജയ് – അതുല്‍, ഹരിചരണ്‍ എന്നിവര്‍ അണിനിരന്ന സംഗീത നിശ, ആദിപുരുഷിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൃത്ത പരിപാടി എന്നിവയും അരങ്ങേറി.

അതേ സമയം ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശ്രദ്ധനേടിയതോടെ ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് നായിക കൃതി സനോണിനെ ചുംബിക്കുന്ന ദൃശ്യമാണിത്. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചിലരെ ചൊടിപ്പിച്ചു.

ബി.ജെ.പി നേതാവ് രമേഷ് നായിഡു നഗോത്തു ഇതിനെതിരേ പരസ്യപ്രതികരണവുമായി രംഗത്തു വന്നു. പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതുമധ്യത്തില്‍ ഇതുപോലെ കെട്ടിപ്പിടിച്ചും ചുംബിച്ചും സ്‌നേഹം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേഷ് നായിഡു നഗോത്തു ട്വീറ്റ് ചെയ്തു. ഇത് ചര്‍ച്ചയായതോടെ ഏതാനും സമയത്തിന് ശേഷം അദ്ദേഹം തന്റെ ട്വീറ്റ് നീക്കം ചെയ്തു. അതിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

അതേ സയമം രാമായണ കഥ പ്രമേയമാകുന്ന ആദിപുരുഷ് ജൂണ്‍ 16 ന് റിലീസ് ചെയ്യും. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലിഖാനാണ്. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

Top