ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റും ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക്.

രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്‍മര്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 26 മുതല്‍ 29 വരെയാണ് അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക.

പ്രഥമ വനിത ഡൗ ചോ ചോയും മ്യാന്‍മര്‍ പ്രസിഡന്റിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഒദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം ആഗ്രയും ബോധ് ഗയയും സന്ദര്‍ശിക്കും.

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. 100 കോടിയാണ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ചെലവഴിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികള്‍ മതില്‍കെട്ടി മറച്ചും, മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റര്‍ ജലം ഒഴുക്കി വൃത്തിയാക്കിയുമെല്ലാം വന്‍ ഒരുക്കങ്ങളാണ് വെറും മൂന്ന് മണിക്കൂര്‍ മാത്രം ഉള്ള ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിനായി ഒരുക്കുന്നത്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.

Top