ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി. ഫരീദാബാദില്‍ ദളിത് കുട്ടികളെ തീവച്ച് കൊന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദളിത് വിരുദ്ധപരാമര്‍ശം നടത്തിയ വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ.സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. സ്പീക്കറുടെ അഭ്യര്‍ത്ഥന അവഗണിച്ച് 40 മിനിറ്റോളം ബഹളം തുടര്‍ന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം സ്പീക്കറുടെ ചേംബറിന് സമീപത്തെത്തി. പല തവണ നിര്‍ദ്ദേശം നല്‍കിയിട്ടും പ്രതിപക്ഷം ബഹളം നിര്‍ത്താന്‍ തയ്യാറായില്ല. പരാമര്‍ശത്തില്‍ മന്ത്രി നേരത്തെ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന വെങ്കയ്യ നായിഡുവിന്റെ വിശദീകരണവും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
ചോദ്യോത്തരവേള ആരംഭിച്ച് അല്‍പ്പം കഴിഞ്ഞതോടെ തന്നെ ബഹളം ആരംഭിച്ചു. സ്പീക്കറുടെ ഡയസിനടുത്തെത്തിയ പ്രതിപക്ഷാംഗങ്ങള്‍ വി.കെ.സിംഗിനെതിരെ മുദ്രാവാക്യം വിളിച്ചു. അംഗങ്ങളോട് ബഹളം അവസാനിപ്പിച്ച് ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചു പോകാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് സഭ വിട്ട് പുറത്തിറങ്ങി.


