‘കാലാ’യെ ഞെട്ടിച്ച് ടീസറില്‍ ‘വിശ്വരൂപം’ കാട്ടി കമല്‍ഹാസന്‍ ,രാഷ്ട്രീയ പോരിന് മുന്‍പ് !

Kamal Haasan

മല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ചു പായുകയാണ് ഈ കിടിലന്‍ ടീസര്‍.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം രജനീകാന്ത് നായകനായി പുറത്തിറങ്ങിയ ‘കാലാ’യെ കവച്ച് വയ്ക്കുന്ന രംഗങ്ങള്‍ ആണ് വിശ്വരൂപം 2 ടീസറിലുള്ളത്.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ചിത്രീകരണം. കമല്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ ആണ് ഓഗസ്റ്റ് 10ന് എത്തുന്ന സിനിമയുടെ റിലീസിനെ നോക്കി കാണുന്നത്.

രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ഉദ്യോഗസ്ഥനായി അമ്പരിപ്പിക്കുന്ന അഭിനയമാണ് കമല്‍ കാഴ്ചവച്ചിരിക്കുന്നതെന്നത് പുറത്ത് വിട്ട ടീസറില്‍ തന്നെ വ്യക്തമാണ്.

Kamal Haasan

നായകനായ കമലിനു പുറമെ ആന്‍ഡ്രിയ, പൂജകുമാര്‍, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

വിശ്വരൂപം നേരത്തെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയാണ്. ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായ ഇതില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ സിനിമക്കു നേരെ നടന്ന പ്രതിഷേധത്തിനുള്ള ശരിയായ മറുപടി വിശ്വരൂപം രണ്ടാം ഭാഗത്തിലുണ്ടെന്നാണ് സൂചന.

ഒരു സെക്കുലര്‍ കാഴ്ചപ്പാടുള്ള കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വിരുദ്ധമായ നിലപാട് സംശയിക്കാന്‍ പോലും സിനിമയില്‍ ഒരിക്കലും ഉണ്ടാകില്ലന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്.

രജനിയുടെ അടുത്തിറങ്ങിയ സിനിമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ സിനിമ ‘കാലാ’ വലിയ വിജയമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വിശ്വരൂപം 2 കമല്‍ഹാസനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

വ്യക്തമായ ചില സന്ദേശങ്ങള്‍ സിനിമയിലുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയതിനാല്‍ തമിഴക രാഷ്ട്രീയ പാര്‍ട്ടികളും കമലിന്റെ വിശ്വരൂപം റിസല്‍ട്ട് അറിയാന്‍ കാത്തിരിക്കുകയാണ്.

തമിഴക സിനിമാരംഗത്ത് രജനി – കമല്‍ യുദ്ധത്തില്‍, കമല്‍ സിനിമയേക്കാള്‍ പണം വാരിയ സിനിമകള്‍ രജനിക്ക് അവകാശപ്പെട്ടതാണ്.

എന്നാല്‍ കലാമൂല്യമുള്ള സിനിമകള്‍ എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ ബഹുദൂരം മുന്നില്‍ കമല്‍ഹാസനാണ്. ദേശീയ അവാര്‍ഡ് നിരവധി തവണ കമല്‍ വാങ്ങിയിട്ടുണ്ടെങ്കിലും രജനിക്ക് ഇതുവരെ ഒരു ദേശീയ അവാര്‍ഡു പോലും ലഭിച്ചിട്ടില്ല.

ഇരുവരെയും സിനിമയിലേക്ക് കൊണ്ടുവന്ന അന്തരിച്ച സംവിധായകന്‍ കെ.ബാലചന്ദര്‍ താന്‍ മരിക്കും മുന്‍പെങ്കിലും രജനി ദേശീയ അവാര്‍ഡ് വാങ്ങണമെന്ന് ആഗ്രഹിക്കുന്നതായി പരസ്യമായി പറഞ്ഞിരുന്നു.

Kamal Haasan

തമിഴകത്ത് മറ്റ് ഏത് താരത്തേക്കാളും വലിയ ആരാധകരുള്ള രജനിക്ക് തൂത്തുക്കുടി വെടി വയ്പിനെ ന്യായീകരിച്ചതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കമല്‍ ആകട്ടെ ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

‘വിശ്വരൂപം’ കമലിന്റെ രാഷ്ട്രീയ പരീക്ഷണശാലയിലെ ഒരു വിലയിരുത്തലായി ചിത്രീകരിക്കപ്പെടുമോ എന്നറിയാന്‍ ഇനി ഓഗസ്റ്റ് 10 വരെ കാത്തിരിക്കണം.

സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഇന്ത്യന്‍ – 2 ആണ് കമലിന്റെ അടുത്ത സിനിമ. അഴിമതിക്കെതിരെ പടപൊരുതിയ 70കാരന്‍ സേനാപതിയെ വീണ്ടും അവതരിപ്പിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

‘ഇന്‍ഡ്യന്‍’ സിനിമ ബ്രഹ്മാണ്ട ഹിറ്റായതിനാല്‍ ഈ സിനിമയെ കുറിച്ചും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

സൂപ്പര്‍ താരങ്ങളായി തമിഴക ഭരണം പിടിച്ച മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.രാമചന്ദ്രന്റെയും ജയലളിതയുടെയും പിന്‍ഗാമിയാകാന്‍ സിനിമയെ തന്നെ ആയുധമാക്കിയാണ് രജനിയുടെയും കമലിന്റെയും ഇപ്പോഴത്തെ പടപുറപ്പാട്.

‘കാലാ’ക്ക് ശേഷം പുറത്തിറങ്ങാനുള്ള രജനിയുടെ സിനിമയും ശങ്കറിന്റെ തന്നെ ‘2.0’ ആണ്.

ടീസര്‍ പുറത്തിറങ്ങി 13 മണിക്കൂറില്‍ 2,610,068 വ്യൂവേഴ്‌സും 120k ലൈക്കുമാണ് വിശ്വരൂപം 2 ടീസറിനു ലഭിച്ചിരിക്കുന്നത്.Related posts

Back to top