വിഷ്ണുനാഥിന്റെത് നുണപ്രചാരണങ്ങള്‍; ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: വിഷ്ണുനാഥിന്റെ നുണപ്രചരണങ്ങളില്‍ അഭിരമിച്ച് രക്ഷപ്പെടാമെന്ന് കരുതണ്ടെന്ന് മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥിനോട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മേഴ്‌സിക്കുട്ടിയമ്മ തന്റെ പ്രതികരണം കുറിച്ചത്. വോട്ടുകച്ചവടമെന്ന് പറഞ്ഞ് എല്‍ഡിഎഫ് ജനങ്ങളെ പരിഹസിക്കുന്നു എന്ന വിഷ്ണുനാഥിന്റെ പ്രസ്താവന കണ്ടു എന്നു തുടങ്ങുന്ന കുറിപ്പില്‍, നുണപ്രചരണങ്ങളില്‍ അഭിരമിച്ച് എക്കാലവും രക്ഷപെടാമെന്ന് കരുതണ്ട. എന്നാണ് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞുവെക്കുന്നത്. 2016ല്‍ എല്‍ഡിഎഫിനെ അപേക്ഷിച്ച് 35000 വോട്ട് കുറഞ്ഞു എന്ന് യാതൊരു ഉളുപ്പുമില്ലാതെ സ്ഥാപിക്കാന്‍ നോക്കുകയാണെന്ന് അവര്‍ പറഞ്ഞു.

‘എല്‍ഡിഎഫിന് 2016 കിട്ടിയത് 79047 വോട്ട്. ഇപ്പോള്‍ 71887 വോട്ട് ലഭിച്ചു. 7160 വോട്ടാണ് കുറഞ്ഞത്. മത വര്‍ഗീയ ശക്തികളും സ്ഥാപിത താല്‍പര്യക്കാരും മാഫിയകളും ഒന്നിച്ചണിനിരന്നിട്ടും ഇത്രമാത്രം വോട്ടുകളാണ് കുറഞ്ഞത്. മറ്റ് അഭ്യാസങ്ങള്‍ ഒന്നുകൊണ്ടും ഈ വസ്തുത മറച്ചു വെയ്ക്കാന്‍ കഴിയില്ല. കശുവണ്ടി തൊഴിലാളികളും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങളും നല്ലവരായ ജനങ്ങളും ഈ ‘വിമോചന സമര സഖ്യത്തെ’ അതിജീവിച്ച് എനിക്ക് വോട്ട് ചെയ്തു എന്നത് ഞാന്‍ അങ്ങേയറ്റം അഭിമാനത്തോടെ കാണുന്നു.’ മേഴ്‌സിക്കുട്ടിയമ്മ പറയുന്നു.

Top