vishnu murder case-rss activists- double life imprisonment

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. മിനിമോള്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.

കേസിലെ പതിനഞ്ചാം പ്രതിയും കരിക്കകം സ്വദേശിയുമായ ശിവലാലിന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതികള്‍ 65,000 രൂപാ വീതം പിഴയും അടയ്ക്കണം. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചതിന് കേസിലെ പതിനൊന്നാം പ്രതി ഹരിലാലിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അരുണ്‍ എന്ന പ്രതിയെ നേരത്തെ വെറുതെ വിട്ടിരുന്നു.

14ാം പ്രതിയായ ബി.ജെ.പി നേതാവ് ആസാം അനി ഒളിവിലാണ്. ഹരിലാാല്‍, ശിവലാല്‍ എന്നിവരൊഴികെയുള്ള പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, പൊതുഉദ്ദേശത്തോടെയുള്ള ആക്രമണം, കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഐ.പി.സി 143,147,148,149,302 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ആര്‍.എസ്. എസ് ജില്ലാ കാര്യവാഹകായിരുന്ന ഹരികുമാറിനെ ആക്രമിച്ചതും വഞ്ചിയൂര്‍ കോടതിയില്‍ വിവിധ കേസുകളില്‍ സാക്ഷികളായെത്തുന്ന ആര്‍.എസ് .എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കൈതമുക്ക് സ്വദേശി ഒന്നാം പ്രതി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ രണ്ടാം പ്രതി മനോജ് എന്ന കക്കോട്ട് മനോജ്, നാലാം പ്രതി ബിജുകുമാര്‍, മണക്കാട് സ്വദേശി അഞ്ചാം പ്രതി രഞ്ജിത്കുമാര്‍, ആറാംപ്രതി മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ഊളന്‍കുഴി സ്വദേശി ഏഴാം പ്രതി വിപിന്‍ എന്ന ബബിന്‍,ആനയറ കുടവൂര്‍ സ്വദേശി എട്ടാം പ്രതി സതീഷ്, പേട്ട സ്വദേശി ഒന്‍പതാം പ്രതി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി പത്താം പ്രതി സതീഷ് എന്ന മണികണ്ഠന്‍, പതിനൊന്നാം പ്രതി ഹരിലാല്‍,ചെഞ്ചേരി സ്വദേശി പന്ത്രണ്ടാം പ്രതി വിനോദ്കുമാര്‍, പതിനാറാം പ്രതി ഷൈജു എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. മൂന്നാംപ്രതി ഉളിയാഴ്ത്തറ സ്വദേശി രഞ്ജിത് നേരത്തെ കൊല്ലപ്പെട്ടു.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സിപിഎം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു.

16 പ്രതികളായിരുന്നു ആകെയുള്ളത്. കേസിലെ മൂന്നാംപ്രതി രഞ്ജിത്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14ആം പ്രതിയായ ആസാം അനി ഒളിവിലാണ്. ആര്‍എസ്എസ് സിപിഎം രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമീഷണറായിരുന്ന പി രഘുനാഥ്, വഞ്ചിയൂര്‍ ക്രൈം എസ്.ഐ സി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Top