വിഷ്ണുവിന് തിരികെ ലഭിച്ചത് ജീവിതം; നന്മയ്ക്ക് റെയില്‍വേ പൊലീസിന്റെ വക ആദരം

തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേട്ട ഒരു പേരാണ് വിഷ്ണു പ്രസാദിന്റേത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് നിറകണ്ണുകളുമായി നില്‍ക്കുന്ന വിഷ്ണുവിന്റെ മുഖം ആരും മറന്ന് കാണില്ല. ഇന്നലെ വിഷ്ണുവിന് തന്റെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തിരിച്ച് കിട്ടിയിരുന്നു. തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് സ്വരാജ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വിഷ്ണുവിനെ ഏല്‍പ്പിച്ചത്. ഇപ്പോഴിതാ സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുപ്രസാദിനു തിരികെയേല്‍പ്പിച്ച നന്മയ്ക്ക് യുവാക്കളെ റെയില്‍വേ പൊലീസ് ഉപഹാരം നല്‍കി അനുമോദിച്ചു. എസ്‌ഐ എ.അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി.

കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ഫയല്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ വിഷ്ണുവിനെ വിവരം അറിയിക്കുകയും വിഷ്ണുപ്രസാദ് എത്തി ഫയല്‍ ഏറ്റുവാങ്ങുകയായിരുന്നു.

ഈ മാസം 10ന് രാവിലെ ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ നാല് ദിവസങ്ങളായി തൃശൂര്‍ നഗരത്തില്‍ അലയുകയാണെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിന്‍ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.

Top