ചെന്നൈ ആര്‍.കെ.നഗറില്‍ തെന്നിന്ത്യന്‍ താരം വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ നിര്‍ണായക ഉപതിരഞ്ഞെടുപ്പിലേക്ക് ചെന്നൈ ആര്‍.കെ.നഗറില്‍ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഉപതിരഞ്ഞെടുപ്പിലേക്ക് അപ്രതീക്ഷിതമായാണ് തെന്നിന്ത്യന്‍ താരം വിശാല്‍ കടന്നുവരുന്നത്.

ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് പറഞ്ഞാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശനം.

രാമാപുരത്തുള്ള എം.ജി.ആറിന്റെ വസതിയിലും തുടര്‍ന്ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും സന്ദര്‍ശനം നടത്തിയശേഷമാകും വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജും ഇന്ന് പത്രിക നല്‍കും.

മാത്രമല്ല, ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്നാണ് സൂചന.

അതേസമയം, ഏറെക്കാലം രാഷ്ട്രീയ വൈരികളായിരുന്ന വൈക്കോ ഡി.എം.കെയുടെ മരുതു ഗണേഷിന് പിന്തുണ പ്രഖ്യാപിച്ചു.

ഒരു ദശാബ്ദത്തിലധികമായി ഡി.എം.കെയുമായി രാഷ്ട്രീയ വൈര്യം പുലര്‍ത്തിയ പാര്‍ട്ടിയായിരുന്നു വൈക്കോയുടെ എം.ഡി.എം.കെ.

തമിഴ്‌നാടിന്റെ നല്ല നാളെയ്ക്കുവേണ്ടിയുള്ള തുടക്കമാണിതെന്ന് വൈക്കോ വ്യക്തമാക്കി.

തീരുമാനം പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്‍ സ്വാഗതം ചെയ്തു.

Top