‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കി; ആരോപണവുമായി നടന്‍ വിശാല്‍

ചെന്നൈ: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം.

രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാല്‍ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാല്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ പറഞ്ഞു.

രസകരമായ ഒരു ടൈം ട്രാവലാണ് വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണി. സംവിധാനം ആദിക് രവിചന്ദ്രനാണ്. വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുന്നതുമൊക്കെ പരാമര്‍ശിക്കുന്ന വേറിട്ട പ്രമേയവുമാണ് മാര്‍ക്ക് ആന്റണിക്ക്. തമിഴ് ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ചിത്രത്തില്‍ നായകന്‍ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലെ തുടങ്ങിയവരും ഉണ്ട്. കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. വിജയ്ക്കും അജിത്തിനും സൂര്യക്കും കാര്‍ത്തിക്കും രജനികാന്തിനും ധനുഷിനുമൊക്കെ പിന്നാലെ വിശാലും ഇനി കേരളത്തില്‍ ആരാധകരെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷ.

Top