നികുതി വെട്ടിച്ചിട്ടില്ല എന്ന ഉറപ്പ് തനിക്കുണ്ട്, അതിനാല്‍ ഭയമില്ലെന്ന് വിശാല്‍

ചെന്നൈ: നികുതി വെട്ടിച്ചിട്ടില്ല എന്ന ഉറപ്പ് തനിക്കുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും നടന്‍ വിശാല്‍.

51 ലക്ഷം ടി.ഡി.എസ് അടയ്ക്കാത്തതിന് വെള്ളിയാഴ്ച ഹാജരാവാന്‍ ആദായനികുതി വകുപ്പ്‌ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിശാലിന്റെ വീട്ടിലും ഓഫീസിലും ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

നടന്റെ വടപളനിയിലുള്ള ഓഫീസായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ബി.ജെ.പി. നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് വിശാല്‍ രംഗത്തെത്തിയിരുന്നു. മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് പരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെയാണ് വിശാല്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി രാഷ്ട്രീയപരമായി വൈരാഗ്യമാണ് വിശാലിന്റെ വീട്ടിലെ റെയ്ഡ് എന്ന ആരോപണവുണ്ട്.

Top