കുവൈത്തിൽ കുടുംബ വിസ പുതുക്കാനുള്ള ശമ്പള പരിധി ഉയർത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. 450 ദിനാറില്‍ നിന്ന് 500 ദിനാറായാണ് ഉയര്‍ത്തിയത്. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹിന്റേതാണ് ഉത്തരവ്.

രാജ്യത്ത് താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. അവസാനമായി 2016 ലാണ് കുവൈത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറില്‍ നിന്ന് 450 ദിനാറായി ഉയര്‍ത്തിയത്.

കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത് കുടുംബത്തെ കൊണ്ടു വന്ന മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഇവര്‍ക്ക് പുതിയ നിബന്ധന ഏറെ ദോഷകരമായി ബാധിക്കും.

അതേ സമയം പുതിയ ഉത്തരവില്‍ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കള്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഡോക്ടേഴ്‌സ്, നേഴ്‌സുമാര്‍ , കായികപരിശീലകര്‍ , കായിക താരങ്ങള്‍, പൈലറ്റുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

Top