കുവൈറ്റിലെ 60 കഴിഞ്ഞവര്‍ക്കുള്ള വിസ നിയന്ത്രണം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രം

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികളില്‍ ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിലുള്ള നിയന്ത്രണം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 60 കഴിഞ്ഞവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ 6000ത്തോളം പ്രവാസികളാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സറ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍. ഇവരില്‍ ഏകദേശം 1800 പേര്‍ 65 വയസ്സ് കഴിഞ്ഞവരാണ്. കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ 65 വയസ്സും ചില മേഖലകളില്‍ 75 വയസ്സുമാണ് വിരമിക്കല്‍ പ്രായം.

കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളെ അവരുടെ നിലവിലെ വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്തുപോവണമെന്ന് നേരത്തേ കുവൈറ്റ് സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നുവെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു. പകരം 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ ഓരോ വര്‍ഷത്തേക്ക് പുതുക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇങ്ങനെ ഫീസ് നല്‍കി വിസ പുതുക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനുള്ള 2000 ദിനാര്‍ ഫീസിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള തുകയും നല്‍കണം.2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.

 

Top