ഇറാന്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട;ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസരഹിത പ്രവേശനം

ടെഹ്‌റാന്‍: ഇറാന്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇറാനില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇറാന്‍ സന്ദര്‍ശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് ഇറാന്‍ എംബസി ചൊവ്വാഴ്ച അറിയിച്ചു. നിബന്ധനകളോടെ മാത്രമേ ഇറാനില്‍ പ്രവേശനം അനുവദിക്കുകയുള്ളു. വിനോദസഞ്ചാരത്തിനായി ആകാശ മാര്‍ഗം ഇറാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എംബസി അറിയിച്ചു.

ഡിസംബറില്‍ ഇന്ത്യക്ക് പുറമെ 32 രാജ്യങ്ങള്‍ക്കായി ഇറാന്‍ പുതിയ വിസ പദ്ധതി അംഗീകരിച്ചിരുന്നു. യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സാധാരണ പാസ്‌പോര്‍ട്ടില്‍ ഇറാനിലെത്തുന്നവര്‍ക്ക് പരമാവധി 15 ദിവസം വരെ രാജ്യത്ത് തുടരാനാകും.15 ദിവസത്തെ കാലാവധി നീട്ടാന്‍ കഴിയില്ല. സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വിസയില്ലാതെ ഇറാനില്‍ പ്രവേശിക്കാന്‍ അനുവദിക്കും. മറ്റാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ വിസയ്ക്ക് അപേക്ഷിക്കണം എന്നും ഇറാന്‍ അറിയിച്ചു.

Top