വൈറസ് പരാമര്‍ശം: യോഗിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മുസ്ലീം ലീഗ്

yogi-new

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മുസ്ലീം ലീഗ് പരാതി നല്‍കാനൊരുങ്ങുന്നു. മുസ്ലീം ലീഗിനെ വൈറസെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിലാണ് പരാതി നല്‍കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക. പരാതി ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.

മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നുമാണ് യോഗി പറഞ്ഞത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

യോഗി ആദിത്യനാഥിനെതിരേ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

Top