വീട്ടിലിരുന്ന് കുറുമ്പ് കാണിക്കുന്ന കുട്ടിപ്പട്ടാളത്തെ മെരുക്കാന്‍ ഗൂഗിളിന്റെ പോംവഴി

ലോക്ഡൗണില്‍ നിന്ന് കുട്ടികളുടെ വിരസത മാറ്റാന്‍ മൃഗങ്ങളെ വാങ്ങിച്ച് കൊടുത്താല്‍ എങ്ങനെയിരിക്കും. ഒറിജിനലിനെ വെല്ലുന്ന ത്രീഡി കാട്ടുമൃഗങ്ങള്‍ അടക്കമുള്ളവ റെഡി. ഈ കൊറോണകാലത്ത് കുട്ടികളെ വീടിനകത്ത് പിടിച്ചിരുത്തുകയെന്നത് പലരുടെയും തലവേദനയാണ്. ഇതില്‍ നിന്നൊരാശ്വാസമാണ് കുട്ടിക്കൂട്ടത്തെ കളിപ്പിക്കാനും രസിപ്പിക്കാനുമായി ഗൂഗിള്‍ ആവിഷ്‌കരിച്ച പുതിയ ടെക്‌നോളജി.

ഗൂഗിള്‍ ത്രിഡി ആനിമല്‍ എന്ന ഫീച്ചറാണ് കാഴ്ചയില്‍ പുതുമയും രസവുമുണര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓഗ്മെന്റഡ് റിയാലിറ്റി ഗൂഗിള്‍ (AR)അവതരിപ്പിക്കുന്നത്. ഒരൊറ്റ ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെ നിങ്ങള്‍ക്ക് ത്രിഡി ആനിമല്‍സിനെ സ്വന്തമാക്കാനുള്ള സംവിധാനമാണ് എആര്‍ ഒരുക്കുന്നത്. നിങ്ങള്‍ ഓഗ്മെന്റഡ് റിയാലിറ്റിയില്‍ കാണാനാഗ്രഹിക്കുന്ന മൃഗങ്ങളുടെ പേര് എഴുതി സെര്‍ച്ച് ചെയ്യുക. നിലവില്‍ കടുവ, ചീങ്കണ്ണി, ആംഗ്ലര്‍ ഫിഷ്, കരടി, പൂച്ച, ചീറ്റ, നായ, താറാവ്, പരുന്ത്, പെന്‍ഗ്വിന്‍, ജയന്റ് പാണ്ട, ആട്, കുതിര, സിംഹം, നീരാളി, സ്രാവ്, പാമ്പ്, ആമ, മുള്ളന്‍പന്നി, ചെമ്മരിയാട്, ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ ത്രിഡി രൂപങ്ങളാണ് എ ആറില്‍ ലഭിക്കുക.

ഗൂഗിളില്‍ ത്രിഡി മൃഗങ്ങളെ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. ഉദാഹരണത്തിന് കടുവയുടെ ഓഗ്മെന്റഡ് റിയാലിറ്റി രൂപമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഗൂഗിള്‍ ക്രോം എടുത്ത് ടൈഗര്‍ എന്നു ടൈപ്പ് ചെയ്യുക. അല്‍പ്പം താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ Meet a life-sized tiger up close എന്നെഴുതിയ ഒരു ബോക്‌സില്‍ View in 3D എന്ന ഓപ്ഷന്‍ കാണും. ഒപ്പം ബോക്‌സിനോട് അനുബന്ധമായി തന്നെ കടുവയുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കിയിട്ടുണ്ടാകും.

നമ്മുടെ ഫോണ്‍ സ്‌ക്രീനില്‍ ഒരു കടുവയുടെ നിഴല്‍ കാണാനാവും. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഒരു മുറിയുടെ ഒരറ്റത്തുനിന്നും മറുഭാഗത്തേക്ക് ഫോണ്‍ നീക്കിയാല്‍ ത്രിഡിയിലുള്ള ഒരു കടുവയെ നിങ്ങള്‍ക്ക് മുറിയില്‍ കാണാന്‍ സാധിക്കും. ആവശ്യാനുസരണം സൂം ചെയ്ത് കടുവയുടെ വലിപ്പത്തില്‍ മാറ്റം വരുത്താനുമാവും. അരമിനിറ്റിനു ശേഷം കടുവ അപ്രത്യക്ഷമാവും നിലവില്‍ ഈ ഫീച്ചര്‍ ഐഫോണില്‍ പ്രവര്‍ത്തിക്കുന്നില്ല, ഗൂഗിള്‍ ക്രോമില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ഇത് പ്രവര്‍ത്തിക്കും.

Top