മരിച്ചുപോയ മകളുമായി സംസാരിച്ച് ഒരമ്മ; വഴിയൊരുക്കിയതോ വെര്‍ച്വല്‍ റിയാലിറ്റി

ക്ഷിണ കൊറിയയില്‍ നിന്ന് അടുത്തിടെ പുറത്തുവന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അകാലത്തില്‍പ്പൊലിഞ്ഞുപോയ തന്റെ ആറുവയസ്സുകാരി മകളെ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ കാണുന്ന ഒരമ്മയുടെ കണ്ണീരലിയിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിനെയാണ് അസാധാരണമായ സാങ്കേതികവിദ്യ അസാധാരണമായ അനുഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് പറയുന്നത്.

വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മകളെ കണ്ടിരിക്കുകയാണ് ഒരമ്മ. കാണുക മാത്രമല്ല, അവളെ തൊട്ടുനോക്കുകയും അവളോട് സംസാരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ ഒരു ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായിട്ടാണ് ജാങ്‌സി സുങ് എന്ന യുവതി തന്റെ മരിച്ചുപോയ മകളെ വീണ്ടും കാണാനെത്തിയത്.

2016ല്‍ ലുക്കീമിയ ബാധിച്ചാണ് ജാങ്‌സി സുങിന്റെ മകള്‍ ലയോണി മരണപ്പെട്ടത്. വെര്‍ച്വല്‍ റിയാലിറ്റിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഹെഡ്‌സെറ്റും കൈയുറയും ധരിച്ചാണ് ജാങ്‌സി സുങ് പരിപാടിക്കെത്തിയത്. കൊറിയന്‍ കമ്പനിയാണ് ലെയോണിന്റെ ശബ്ദവും ശരീരവും പുനഃസൃഷ്ടിച്ചത്.

വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഒരു പൂന്തോട്ടത്തില്‍ വെച്ച് ജാങ് നെയോണിനെ കണ്ടു. ഒളിച്ചുകളിയുമായി എത്തുന്ന ലയോണി ‘അമ്മ അമ്മ’ എന്ന് വിളിച്ച് തന്റെ പക്കല്‍ എത്തിയതോടെ ജാങ്‌സി സുങ് വിതുമ്പിക്കരയാന്‍ തുടങ്ങുകയായിരുന്നു. അമ്മ എവിടെയായിരുന്നു? എന്നെക്കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നീ ചോദ്യങ്ങളായിരുന്നു വിആറില്‍ എത്തിയ ലയോണി അമ്മ ജാങ്‌സി സുങിനോട് ചോദിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മകളുടെ രൂപംകണ്ട ജാങ് വികാരാധീനയായി.

ഒരുപാട് നേരം അമ്മയ്‌ക്കൊപ്പം കളിച്ചും ചിരിച്ചും നിന്നു. അമ്മ എന്നും എന്റെ കൂടെതന്നെ വേണമെന്നും അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞ് പെട്ടെന്ന് ഒരു പ്രാവായി ലയോണി ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. മകള്‍ തന്നെ വിട്ട് പോകുന്ന കാഴ്ച നിസ്സഹായതയോടെ ആ അമ്മ നോക്കിനിന്നു.

സ്വപ്നത്തില്‍ എന്നപോലെ മകളെ വീണ്ടും കണ്ടെത്താന്‍ സാധിച്ചത് നല്ല കാര്യമാണെന്ന രീതിയിലാണ് ജാങ് പ്രതികരിച്ചത്. എന്നാല്‍ മനുഷ്യന്റെ വൈകാരിക തലത്തെ ബാധിക്കുന്ന ഇത്തരം വെര്‍ച്വല്‍ റിയാലിറ്റി അല്‍പം അപകടം നിറഞ്ഞതാണെന്ന് ചില മനശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. നിരവധി ആളുകളാണ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ മരിച്ചവരുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് എത്തുന്നത്. അതേസമയം, ഇത്തരം പ്രവണതകളെ പ്രോത്സാപ്പിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.


.

Top