വെർച്യുൽ സിം കാർഡ്: രാജ്യത്തിന് പുതിയ വെല്ലുവിളി

വെര്‍ച്വല്‍ സിം കാര്‍ഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു. തീവ്രവാദികളും വിഘടന വാദികളും പാക്കിസ്ഥാനില്‍ അവരെ നിയന്ത്രിക്കാനിരിക്കുന്നവരുമായി ആശയവിനിമയത്തിനായി വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കശ്മീര്‍ പൊലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. 2019 ലാണ് ഇങ്ങനൊരു പ്രശ്‌നത്തെപ്പറ്റി സുരക്ഷ ഏജന്‍സികള്‍ മനസ്സിലാക്കുന്നത്. പുല്‍വാമ ആക്രമണത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത് വെര്‍ച്ചല്‍ സിം ആണെന്നുള്ളതാണ് പൊലീസിന് ആദ്യം കിട്ടിയ സൂചന. ഈ സിം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമേരിക്കയ്ക്കു നല്‍കിയ അപേക്ഷയാണ് പുതിയ സംഭവ വികാസങ്ങളിലേക്ക് വഴികാട്ടിയത്.

തുടര്‍ന്ന് എന്‍ഐഎ അടക്കമുള്ള സുരക്ഷ ഏജന്‍സികള്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുല്‍വാമ ആക്രമണത്തില്‍ മാത്രം 40 വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് വെളിച്ചത്തു വന്നത്. ഇപ്പോള്‍ അതിലേറെ സിം കാര്‍ഡുകള്‍ കാശ്മീര്‍ താഴ്വരയില്‍ പ്രചാരത്തിലുണ്ടായിരിക്കാം എന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. വിദേശത്തുള്ള ഒരു സേവന ദാതാവാണ് ഇതിനു വേണ്ട സഹായം നല്‍കുന്നത്. ഇതിലൂടെ അതിര്‍ത്തിക്കപ്പുറത്തുള്ളവരുമായി എളുപ്പത്തില്‍ സംവാദിക്കാനാകും എന്നതാണ് കശ്മീരി പൊലീസ് നേരിടുന്ന പുതിയ പ്രശ്നം.

സേവനദാതാവിന്റെ കംപ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ജനറേറ്റു ചെയ്യുന്നു. ഇതുപയോഗിക്കുന്നയാള്‍ സേവനദാതാവിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്ത് തന്റെ സ്മാര്‍ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഈ നമ്പര്‍ സമൂഹ മാധ്യമ സേവനങ്ങളായ വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റര്‍, ടെലഗ്രാം തുടങ്ങിയവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് വേരിഫിക്കേഷന്‍ കോഡ് ജനറേറ്റു ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന നമ്പറുകള്‍ക്കെല്ലാം മുന്‍പ് ഓരോ രാജ്യത്തിന്റെയും കോഡോ, മൊബല്‍ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ സബ്സ്‌ക്രൈബര്‍ ഡയറക്ടറി നമ്പറോ (MSISDN) നമ്പറോ ചേര്‍ത്തിട്ടുണ്ടാകുമെന്നും അധികാരികള്‍ പറയുന്നു. അമേരിക്ക, കാനഡാ, ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ചില കമ്പനികളാണ് പ്രധാനമായും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ നല്‍കുന്നത്.

Top