സര്‍ക്കാര്‍ ആശുപത്രിയിലും വെര്‍ച്വല്‍ ക്യൂ ടോക്കണ്‍; വികസിപ്പിച്ചത് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

doctor_01

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊരുക്കി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ ജിഎച്ച് ക്യൂ എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഒരുങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ടോക്കണ്‍ എടുക്കാന്‍ രോഗികള്‍ ഇനി കാത്ത് കെട്ടി നില്‍ക്കേണ്ട. ജിഎച്ച് ക്യൂ എന്ന പേരില്‍ മൊബൈല്‍ ആപ്പ് തയ്യാര്‍. ടോക്കണ്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ എട്ട് വരെ ടോക്കണ്‍ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാന്‍ സംവിധാനമുണ്ട്.

ബുക്ക് ചെയ്താന്‍ ഉടന്‍ പ്രത്യേക ടോക്കണ്‍ നമ്പര്‍ സഹിതം എപ്പോള്‍ വരണമെന്ന അറിയിപ്പ് വരും. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കാസര്‍കോട്ടെ പുതിയ പരീക്ഷണം.ആദ്യഘട്ടത്തില്‍ അന്‍പത് ശതമാനം ഒപി ടോക്കണുകളാണ് മൊബൈല്‍ ആപ്പിലൂടെ നല്‍കുന്നത്. ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയിലെത്തി ടോക്കണ്‍ എടുക്കാം. പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിംഗ വിദ്യാര്‍ത്ഥികളാണ് ആപ്പ് വികസിപ്പിച്ചത്.

Top