മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ; ആപ്പ് വൈകുമെന്ന് സൂചന

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്തെ വെര്‍ച്‌ലവല്‍ക്യൂവഴിയുള്ള മദ്യ വില്‍പ്പനക്കായുള്ള ആപ്പ് പുറത്തിറക്കാന്‍ വൈകുമെന്ന് സൂചന. ഗൂഗിളിന്റെ അനുമതിക്ക് ശേഷം ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച് ട്രയല്‍ റണ്‍ നടത്തണം. ഇതിനു ശേഷമേ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയു.

നിലവിലുള്ള സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചി കടവന്ത്രയിലെ ഫെയര്‍ കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയാണ് മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല തെരഞ്ഞെടുക്കണം. തുടര്‍ന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യണം.

Top