മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂ; ആപ്പ് തയ്യാറാക്കുന്നത് എറണാകുളത്തെ ഫെയര്‍ കോഡ്

തിരുവനന്തപുരം: മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂവിനായുള്ള ആപ്പ് നിര്‍മ്മിക്കാന്‍ എറണാകുളത്തെ ഫെയര്‍ കോഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കി സര്‍ക്കാര്‍. സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും ബാറുകളുടേയും വിവരം കമ്പനി തേടിയിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമാക്കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ആപ്പ് തയാറാക്കുമെന്നാണ് സൂചന.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാര്‍ കൗണ്ടര്‍ വഴി പാഴ്സല്‍ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം, സംസ്ഥാനത്തെ മദ്യവില 50 രൂപ മുതല്‍ 600 രൂപ വരെ വര്‍ധിക്കും.

ബിയര്‍ വിലയില്‍ പത്തുരൂപയുടെ വ്യത്യാസമാണുണ്ടാവുക. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സെലിബ്രേഷന്‍ റം 750 മില്ലിക്ക് 60 രൂപയാണ് വര്‍ധിച്ചത്. 520 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 580 രൂപ മുടക്കണം. ഓള്‍ഡ് മങ്കിന് 850 രൂപ നല്‍കണം. ബുള്ളറ്റ് എക്‌സ്ട്രാ സ്‌ട്രോഗ്, കിങ് ഫിഷര്‍ ഫൈനസ്റ്റ് സ്‌ട്രോഗ്, എസ്എന്‍ജെ 10000 സൂപ്പര്‍ സ്‌ട്രോഗ്, ഹൈ വോള്‍ട്ടേജ് സൂപ്പര്‍ സ്‌ട്രോഗ് തുടങ്ങി 14 ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ക്ക് 10 രൂപ വീതമാണ് വര്‍ധിച്ചത്.

Top