വെര്‍ച്വല്‍ പ്രവേശനോത്സവം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രവേശനോത്സവം. വെര്‍ച്വലായി സംഘടിപ്പിക്കുന്ന 2021- 22 അക്കാദമിക് വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എല്‍ പി എസ് ആന്‍ഡ് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളില്‍ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

ഇതിലൂടെ ഒരു ചരിത്രമാറ്റത്തിനാണ് സംസ്ഥാനം സാക്ഷിയാവുക. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരിമിതമായ ആള്‍ക്കാരെ നേരിട്ട് പങ്കെടുപ്പിച്ചു കൊണ്ടും ആണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8 30ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനാകും.

മുഖ്യാതിഥികളായി മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ.ജി ആര്‍ അനില്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം എം പി ഡോ. ശശി തരൂര്‍,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും.

തത്സമയം സംപ്രേഷണത്തിന് ശേഷം രാവിലെ 9 30 മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ഉണ്ടാകും. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടായിരിക്കും.

Top