കുംബ്ലെയുടെ രാജി, കോഹ്‌ലി മൗനം വെടിയണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനത്തു നിന്ന് അനില്‍ കുബ്ലെ രാജിവച്ച സംഭവത്തില്‍ നായകന്‍ വിരാട് കോഹ്‌ലി മൗനം വെടിയണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

കോഹ്‌ലിയും കുബ്ലെയും തമ്മിലുള്ള കലഹമാണ് രാജിക്ക് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിഷയത്തില്‍ ഗവാസ്‌കര്‍ തന്റെ നിലപാട് അറിയിച്ചത്.

കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് വിരാട് പ്രതികരിക്കണം. സംഭവത്തിന്റെ നിജസ്ഥിതിയെന്തെന്നറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് താത്പര്യമുണ്ട്. അതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കോഹ്‌ലി ഇനിയും വൈകരുത് ഗവാസ്‌കര്‍ പറഞ്ഞു. ആരോപണങ്ങള്‍ സംബന്ധിച്ച് കുബ്ലെയും പ്രതികരിക്കണമെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായ അനില്‍ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം രാജിവച്ചത്. ടീമുമായുള്ള കരാര്‍ അവസാനിച്ച് ദിവസങ്ങള്‍ക്കമായിരുന്നു അദ്ദേഹം രാജി സമര്‍പ്പിച്ചത്.

എന്നാല്‍ നേരത്തെ, പരിശീലകനായി തുടരാന്‍ തനിക്ക് താത്പര്യമുണ്ടെന്നു കാണിച്ച് കുംബ്ലെ ബിസിസിഐക്ക് അപേക്ഷ നല്‍കിയിരുന്നു.

Top