‘കന്യക എന്നാല്‍ അവിവാഹിത എന്നാണര്‍ഥം’ ; വിശദീകരണവുമായി ബിഹാര്‍ മന്ത്രി

പട്‌ന: ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പുതുതായി ജോലിക്കെത്തുന്നവര്‍ കന്യകയാണോ അല്ലയോ എന്നത് അപേക്ഷാ ഫോമില്‍ വ്യകതമാക്കണമെന്ന വിവാദങ്ങളെ ന്യായീകരിച്ച് ബിഹാര്‍ മന്ത്രി രംഗത്ത്.

കന്യകയെന്നാല്‍ അവിവാഹിതയാണെന്നാണ് വിവാദങ്ങളോട് ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെ പ്രതികരിച്ചത്.

‘കന്യക എന്നാല്‍ അവിവാഹിത എന്നാണര്‍ഥം, നിഘണ്ടുവില്‍ അങ്ങനെയാണ് പറയുന്നത്. ഇതില്‍ ആക്ഷേപിക്കാനുള്ള കാര്യങ്ങളൊന്നുമില്ല’, അദ്ദേഹം പറയുന്നു.

അവിവാഹിതരോ, വിധവകളോ, കന്യകയോ, ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്നും ഫോം നിര്‍ദേശിക്കുന്നു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലും ഇത്തരം ഫോമുണ്ടെന്നും 34 വര്‍ഷമായി മെഡിക്കല്‍ ജീവനക്കാര്‍ പൂരിപ്പിച്ചു വരുന്നതാണ് ഈ ഫോം എന്നും മന്ത്രി വ്യക്തമാക്കി.

വിവര ശേഖരണത്തിനുള്ള ഫോമിലെ ഈ ചോദ്യത്തിനെതിരെ വനിതാ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചോദ്യം അന്യായമാണെന്നും ചോദ്യം ഉള്‍പ്പെടുത്തിയതിനെപ്പറ്റി അന്വേഷണം നടത്തണെന്നുമാണ് വനിതാ സംഘടനകളുടെ ആവശ്യം.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളതെന്നാണ് മേധാവി മനീഷ് മണ്ഡലിന്റെ ന്യായീകരണം.

ഒരാളുടെ കന്യകാത്വം സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നത് ബലാത്സംഗം പോലുള്ള പ്രശ്‌നങ്ങളില്‍ അന്വേഷണത്തിന് സാഹായകമാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്.

Top