കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത കുപ്പിപോലെ; പ്രൊഫസറെ ജോലിയില്‍ നിന്നും പുറത്താക്കി

കൊല്‍ക്കത്ത: സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോളേജ് പ്രൊഫസറെ പ്രതിഷേധങ്ങള്‍ക്കെടുവില്‍ ജോലിയില്‍ നിന്നും പുറത്താക്കി. പടിഞ്ഞാറന്‍ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസര്‍ കനക് സര്‍ക്കാറെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.

വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പ്രൊഫസറെ ജോലിയില്‍നിന്നും പുറത്താക്കിയത്. ജാദവ്പുര്‍ സര്‍വ്വകലാശാല അധ്യാപകര്‍ ഇയാളുടെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.

‘ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ?’, സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച് ഫെയ്‌സ്ബുക്കില്‍ അദ്ധ്യാപകന്‍ ചോദിക്കുന്നു. ‘ഒരു പെണ്‍കുട്ടി ജന്‍മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കും.’ – അദ്ധ്യാപകന്‍ കുറിച്ചു. അതേസമയം സ്ത്രീ വിരുദ്ധമായ അശ്ലീലപരാമര്‍ശം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഇയാള്‍ നടത്തിയത് സ്ത്രീവിരുദ്ധമായ അശ്ലീല പരാമര്‍ശമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. എന്നാല്‍ സമൂഹമാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീംകോടതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് തന്റെ പരാമര്‍ശത്തെ കനക് ന്യായീകരിച്ചു.

Top