ബഹിരാകാശ വിനോദയാത്രയില്‍ ചരിത്രം കുറിച്ച് വെര്‍ജിന്‍ ഗലാക്റ്റിക്

ന്യൂ മെക്‌സിക്കോ: വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് യുഎസ് ബഹിരാകാശ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക് തുടക്കമിട്ടു. 3 സഞ്ചാരികളും 3 ജീവനക്കാരുമായി ആദ്യത്തെ റോക്കറ്റ് വിമാനം ബഹിരാകാശത്തേക്കു കുതിച്ചത്. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 8 മണിക്ക് പുറപ്പെട്ട വിമാനം 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗലാക്റ്റിക് 01 എന്ന ദൗത്യം പൂര്‍ത്തിയാക്കി ഒന്‍പതരയോടെ തിരികെയെത്തി. 2 ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ് കേണല്‍മാരും നാഷനല്‍ റിസര്‍ച് കൗണ്‍സില്‍ ഓഫ് ഇറ്റലിയിലെ എയറോസ്‌പേസ് എന്‍ജിനീയറും ആയിരുന്നു കന്നിയാത്രയിലെ സഞ്ചാരികള്‍. രണ്ട് പൈലറ്റുമാരും പരിശീലകനും ഇവരെ കൊണ്ടുപോയി.

ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 80 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന് ബഹിരാകാശ പരിധിയില്‍ പ്രവേശിച്ചു. സൂപ്പര്‍സോണിക് റോക്കറ്റ് വേഗം, മൈക്രോ ഗ്രാവിറ്റി, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയ ആസ്വദിക്കാന്‍ 4.5 ലക്ഷം ഡോളര്‍ (3.7 കോടി രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്. ഇതിനകം 800 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഭൂമിയില്‍ നിന്ന് 80 കിലോമീറ്ററിനപ്പുറം പോകുന്നവരെ നാസയും യുഎസ് എയര്‍ ഫോഴ്‌സും ബഹിരാകാശ സഞ്ചാരികളായാണ് കണക്കാക്കുന്നത്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നീ കമ്പനികളെ പിന്നിലാക്കിയാണു വെര്‍ജിന്‍ ഗലാക്റ്റിക് വാണിജ്യാടിസ്ഥാനത്തില്‍ സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്.

Top