Virendrakumar and Pinarayi joined

തിരുവനന്തപുരം: ജെ.ഡി.(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറുമായി തനിക്ക് ശത്രുതയില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വീരേന്ദ്ര കുമാറിനും തന്നോട് ശത്രുതയില്ലെന്നാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു.

വീരേന്ദ്ര കുമാര്‍ രചിച്ച് സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുളള ചിന്താ പബ്ലിക്കേഷന്‍ പുറത്തിറക്കിയ ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്കിടയില്‍ വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. രാഷ്ട്രീയപരമായ വിയോജിപ്പ് മാത്രമാണുള്ളത്. നാളെ ഒരുമിച്ച് നിന്ന് പൊരുതുന്നതിന് ഒന്നും തടസ്സമല്ല. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിമര്‍ശിച്ചത് സ്വാഭാവികം. നല്ലതിനെ നല്ലത് എന്ന് പറയാന്‍ സിപിഎമ്മിന് മടിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഈ ചടങ്ങിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു. ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു എന്നാണ് വ്യാഖ്യാനം. വീരനുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ധാരണാ പിശക് ഉണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.

വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍, അത് വിദ്വേഷത്തിലേക്ക് ഒരിക്കലും വളര്‍ന്നിട്ടില്ല. വിയോജിപ്പോടു കൂടി തന്നെ യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്തോടൊപ്പാമാണ്. പുനരാലോചിക്കേണ്ടത് പുനരാലോചിക്കുക തന്നെ ചെയ്യുമെന്നും പിണറായി പറഞ്ഞു.

ആഗോളവത്ക്കരണ രാഷ്ട്രീയത്തിനെതിരെ വിരേന്ദ്രകുമാര്‍ ധീരമായ നിലപാടെടുത്തു. വര്‍ഗ്ഗീയശക്തികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥക്കാലത്ത് വീരേന്ദ്രകുമാറിനൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. വീരന് എല്ലാ ബഹുമാനവും നല്‍കാന്‍ സന്നദ്ധമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേക്കേറിയത്.

Top