virender sehwag’s tweet after blind world t-20 title disappoints india’s captain

മുന്‍ ഇന്ത്യന്‍താരം വീരേന്ദര്‍ സെവാഗിന്റെ മനോഭാവം നിരാശയുണ്ടാക്കുന്നതാണെന്ന് കാഴ്ച്ച പരിമിതരുടെ ട്വന്റി-20യില്‍ ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ അജയ് റെഡ്ഡി.

ടീമിന് അഭിനന്ദനം അറിയിച്ചുള്ള ട്വീറ്റില്‍ സെവാഗ് ”other men in blue” എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതാണ് ഇന്ത്യന്‍ ടീമിനെ നിരാശപ്പെടുത്തിയത്.

എല്ലാവരും ഒരേ നീല ജഴ്‌സിയാണ് അണിയുന്നത്. ഒരേ രാജ്യത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നതും. ഒരേ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് കളിക്കുന്നതും. പിന്നെ ഞങ്ങളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സെവാഗ് ഞങ്ങളെ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ഞങ്ങള്‍ ‘മറ്റുള്ളവര്‍’ അല്ല. ഞങ്ങളും ടീം ഇന്ത്യയാണ്. ഒരു ദേശീയ മാധ്യമത്തോട് അജയ് റെഡ്ഡി പറഞ്ഞു.

സെവാഗിന്റെ പരാമര്‍ശം ട്വിറ്ററില്‍ നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ”other men in blue” എന്ന് വിളിച്ച് കാഴ്ചപരിമിതരുടെ ക്രിക്കറ്റിനെ സെവാഗ് പരിഹസിക്കുകയാണെന്ന് വരെ ട്വീറ്റ് ചെയ്തവരുണ്ട്. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിനെ അങ്ങനെ വിളിക്കില്ലല്ലോ എന്നും സെവാഗിനോട് ആരാധകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിരിക്കുന്നതിന് മുമ്പ് നന്നായി പഠിക്കണമെന്നും കാഴ്ചപരിമിതരുടെ ക്രിക്കറ്റിന്റെ ഔദ്യോഗിക ഹാഷ്ടാഗ് താന്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സെവാഗ് വ്യക്തമാക്കി.

Top