ഫീഡ് വിത്ത് ലൗ ; 100 ഭക്ഷണപൊതികളുമായി വീരേന്ദര്‍ സേവാഗ്

കോവിഡും ലോക്ക്ഡൗണും കാരണം ജീവന്‍ കവരുന്ന ദുരിത പലായന വാര്‍ത്തകളാണ് ചുറ്റും മുഴങ്ങി കേള്‍ക്കുന്നത്. ഈ സമയത്ത് വീടിന്റെ സുരക്ഷിതത്ത്വത്തില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന ചെറിയൊരു കരുതലായി ഫീഡ് വിത്ത് ലൗ…സ്‌നേഹത്തോടെ ഭക്ഷണം കൊടുക്കുക എന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പല സെലിബ്രിറ്റികളും തങ്ങള്‍ ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നതെങ്കില്‍, ഇവിടെ 100 ഭക്ഷണപൊതിയും കരുതലിന്റെ സ്‌നേഹ സന്ദേശവുമാണ് സേവാഗ് പങ്കുവെയ്ക്കുന്നത്.

പലയിടത്തും അതിഥി തൊഴിലാളികള്‍ കാല്‍നടയായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നു, കൊച്ചു കുട്ടികള്‍ അടക്കമുള്ള സംഘം ഈ ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവരാണ്. സ്വന്തം മണ്ണിലെത്താനാകാതെ ആയിരങ്ങളാണ് തെരുവില്‍ പട്ടിണികിടക്കുന്നത്. ഇപ്രകാരം ദുരിതമനുഭവിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹിയിലെ വീട്ടില്‍, അടുക്കളയില്‍ പാകം ചെയ്ത ആഹാരം വിതരണം ചെയ്ത് മാതൃകയാവുകയാണ് സേവാഗ്. പാകം ചെയ്ത ആഹാരം പാക്കറ്റുകളിലാക്കിയാണ് അദ്ദേഹം വിതരണം ചെയ്യുന്നത്. ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തം വീടുകളില്‍ ഇരുന്ന് ഇത്തരത്തില്‍ ഭക്ഷണം തയാറാക്കി അറിയിച്ചാല്‍ അത് ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

100 ഭക്ഷണപൊതികള്‍ തയാറാക്കാന്‍ പറ്റിയില്ലെങ്കില്‍ അവനവനെക്കൊണ്ട് ആകുന്നത്ര ഭക്ഷണം തയാറാക്കാം, എളുപ്പത്തിലും പെട്ടെന്ന് പാക്ക് ചെയ്യാവുന്നതുമായി ഭക്ഷണം തയാറാക്കാം. സ്‌നേഹത്തോടെ തയാറാക്കുന്ന ഭക്ഷണപ്പൊതികള്‍ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികള്‍ക്ക് ആശ്വാസമാകും. ‘ഫീഡ് വിത്ത് ലൗ’ എന്ന സന്ദേശത്തിന് ആവേശകരമായി പ്രതികരണമാണി ലഭിച്ചിരിക്കുന്നത്.

വീരേന്ദര്‍ സേവാഗിന്റെ നേതൃത്വത്തുള്ള വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷന്‍ മുഖേനെയാണ് പട്ടിണിയിലായ തൊഴിലാളികളുടെ അരികിലേക്ക് ഇത്തരത്തില്‍ ആഹാരമെത്തിക്കുന്നത്. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ താത്പര്യമുള്ളവര്‍ വിരേന്ദ സേവാഗ് ഫൗണ്ടേഷന്റെ പേരിലുള്ള ട്വിറ്ററില്‍ സന്ദേശമയക്കണമെന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുന്നു. അടുക്കളയില്‍ ഭാര്യക്കും അമ്മയ്ക്കുമൊപ്പം സേവാഗ് ഭക്ഷണം പാക്കറ്റുകളിലാക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Top