രഹാനെ കളത്തില്‍ ഇറങ്ങുമോ…? വിവാദങ്ങളെ പരിഹസിച്ച് വിരാട് കോഹ്‌ലി

virad

ക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ഇറങ്ങുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വിരാട് കോഹ്‌ലി. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് വിരാട് കോഹ്‌ലിയുടെ പരസ്യമായ ഈ മറുപടി.

അതേസമയം വിവാദത്തെ പരിഹസിച്ചുകൊണ്ടായിരുന്നു വിരാട് സംസാരിച്ചത്. കഴിഞ്ഞ ആഴ്ചവരെ രഹാനെയെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ രഹാനെയെ കളിപ്പിക്കാത്തതിനെ കുറിച്ച് മുറവിളി കൂട്ടുന്നത്. അത് തമാശപോലെയാണ് തനിക്ക് തോന്നുന്നതെന്നും കോഹ്‌ലി പറഞ്ഞു. രോഹിത് ശര്‍മ്മയെ ഫോം കണക്കിലെടുത്താണ് ടീമിലെടുത്തതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെ കളിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ‘രഹാനെ കളിക്കുമോ ഇല്ലയോ എന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ചോദ്യത്തിന് മറുപടി. സെഞ്ചൂറിയനില്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്റെ പ്രതികരണം.

അതേസമയം ഇന്ത്യന്‍ ടീമില്‍ പുറത്തുനിന്നുള്ളവരുടെ അഭിപ്രായം പരിഗണിച്ചല്ല ടീമിനെ തീരുമാനിക്കുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിമര്‍ശനത്തിന് മറുപടിയായി വിരാട് കോഹ്‌ലി പറഞ്ഞു.

‘ടീം ഘടനയ്ക്ക് അനുയോജ്യരായ താരങ്ങളെയാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ പുറത്തുനിന്നാരും അഭിപ്രായം പറയേണ്ട കാര്യമില്ല. ഇക്കാര്യം ടീമിന് അകത്ത് തന്നെ തീരുമാനിച്ചു കൊള്ളാം’, കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം മത്സരത്തിലും അന്തിമ ഇലവനില്‍ രഹാനെയുടെ പേര് കാണില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും രോഹിത് ശര്‍മ്മയെ തന്നെ മത്സരിപ്പിക്കാനാണ് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും തീരുമാനിച്ചിരിക്കുന്നത്.

മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ബോളിംഗിന് അനുകൂലമായ പിച്ചില്‍ പോലും നന്നായി ബാറ്റ് ചെയ്ത റെക്കോഡ് അജിങ്ക്യ രഹാനെയ്ക്കുണ്ട്. ബോളിംഗ് പിച്ചില്‍ ഇന്ത്യന്‍ മധ്യനിരയില്‍ വിക്കറ്റ് വീഴാതെ കാക്കുന്ന രഹാനെയെ ഒഴിവാക്കിയതിനെ പലരും വിമര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് ഇതിഹാസം അലന്‍ ഡൊണാള്‍ഡ് പോലും ഇന്ത്യയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബാറ്റിംഗ് കൂടുതല്‍ ശക്തമാക്കാന്‍ രഹാനെയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ രോഹിത്തിനെ മാറ്റി രഹാനെയെ ഉള്‍പ്പെടുത്തിയാല്‍ ഒന്നാം ടെസ്റ്റ് തോറ്റതിന്റെ മുഴുവന്‍ ഭാരവും രോഹിത്തിന്റെ ചുമലിലേക്ക് മാറ്റുന്നത് പോലെയാകുമിതെന്ന വാദവും ടീമില്‍ ശക്തമാണ്.

Top