യശസ്വി ജയ്‌സ്വാളിനെ പുകഴ്ത്തി വിരാട് കോഹ്‌ലി

രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെയാണിത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി തികച്ചത്.

ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുമാണിത്. മത്സരത്തില്‍ യശസ്വി 47 പന്തില്‍ 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും അഞ്ച് സിക്‌സുമടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി താരത്തെ പ്രശംസിച്ചത്. ‘കൊള്ളാം, അടുത്തിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച ബാറ്റിങ്ങുകളിലൊന്ന്. എന്തൊരു പ്രതിഭയാണ്, യശസ്വി ജയ്സ്വാള്‍’ -കോഹ്ലി കുറിച്ചു.

‘ഇന്നൊരു സുഖമുള്ള അനുഭവമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം സംഭവിക്കുന്നത് പോലെയല്ല, ഞാന്‍ അതിനായി നന്നായി തയാറെടുക്കുന്നു, എന്നില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നതാണ്. ഫലം കിട്ടുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ടീമിനെ വജയത്തിലെത്തിക്കുക എന്നത് വലിയ വികാരമായിരുന്നു, മത്സരം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, മത്സരം വിജയിക്കുക എന്നതു തന്നെയാണ് എന്റെ ലക്ഷ്യം’ -മത്സരശേഷം യശസ്വി പ്രതികരിച്ചു.

യശസ്വിയുടെയും നായകന്‍ സഞ്ജു സാംസണിന്റെയും ബാറ്റിങ് മികവില്‍ ആതിഥേയര്‍ നിശ്ചയിച്ച 150 റണ്‍സ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.1 ഓവറില്‍ത്തന്നെ എത്തി രാജസ്ഥാന്‍. ജയത്തോടെ 12 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇനിയുള്ള രണ്ടു മത്സരങ്ങളും ടീമിന് നിര്‍ണായകമാണ്.

Top