ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പിന്മാറി വിരാട് കോലി

മുംബൈ : ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് കോലിയുണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സീനിയര്‍ താരം വിട്ടുനില്‍ക്കുന്നത്. വ്യാഴാഴ്ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റില്‍ നിന്നുമാണ് കോലി വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 15ന് രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റിലേക്ക് കോലി തിരിച്ചെത്തും.

കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചേതേശ്വര്‍ പൂജാര പകരക്കാരനാവാന്‍ സാധ്യതയേറെയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പൂജാരയ്ക്കായിരുന്നു. നേരത്തെ, മുഹമ്മദ് ഷമിയേയും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്ക് താരം തിരിച്ചെത്തും. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍.

നാല് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പേസര്‍മാരും ടീമലെത്തി. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍, മുകഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലെത്തി. രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയ ടീമിലെക്ക് പരിഗണിച്ചിരുന്നില്ല. അജിന്‍ക്യ രഹാനെയും പുറത്തുതന്നെ.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍.

Top