7,000 റണ്‍സ്, ഏഴ് ഇരട്ട സെഞ്ചുറി ; റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്ലി

പുണെ: ബാറ്റിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ഒരു വിരാട് കോഹ് ലിയുടെ ഇന്നിങ്സിനാണ് ഇന്നലെ പുണെ സാക്ഷിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി റെക്കോഡുകളുടെ പെരുമഴയാണ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ കരിയറിലെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

കോഹ് ലി(9) 150ന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ബ്രാഡ്മാന്റെ റെക്കോഡും തകര്‍ത്തത്. എട്ടുതവണയാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്. നായകനായി 40 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ക്യാപ്റ്റന്‍ കോഹ് ലി സ്വന്തമാക്കി. ടെസ്റ്റില്‍ 19 സെഞ്ചുറിയും ഏകദിനത്തില്‍ 21 സെഞ്ചുറികളുമാണ് നായകനായി കോഹ് ലി നേടിയത്.

കൂടാതെ ടെസ്റ്റില്‍ അതിവേഗം 7,000 റണ്‍സ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ് ലിക്ക് സ്വന്തമായി. ഏഴ് ഇരട്ട സെഞ്ചുറികള്‍ നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറിക്കാരുടെ പട്ടികയില്‍ ശ്രീലങ്കന്‍ താരം മഹേള ജയര്‍വര്‍ധനെയ്ക്കും ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ടിനും ഒപ്പമെത്താനും കോഹ് ലിക്കായി.

ടെസ്റ്റില്‍ ഇരുവര്‍ക്കും ഏഴു വീതം ഇരട്ട സെഞ്ചുറികളുണ്ട്. ഓസീസ് ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (12), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (11), വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ (9) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.

Top