11 വര്‍ഷത്തെ ക്രിക്കറ്റില്‍ ഒര്‍മിക്കാന്‍ ഇഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് പങ്കുവച്ച് കോഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത ആ നിമിഷമാണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 11 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും മനോഹരമായ നിമിഷം ഏതായിരുന്നു? എന്ന ചോദ്യത്തിലായിരുന്നു കോഹ്‌ലിയുടെ മറുപടി.

‘ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത ആ നിമിഷമാണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അമ്മയോടൊപ്പം വീട്ടിലിരുന്ന് ടിവിയില്‍ ന്യൂസ് കാണുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് ന്യൂസ് ഫ്ളാഷ് ആയി കാണിച്ചു. അതിന് മുമ്പ് ടീമിലെത്തുന്നതിനെ കുറിച്ച് എവിടെ നിന്നും ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. ആ ഫ്ളാഷ് ന്യൂസ് കണ്ടതോടെ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇരിക്കണോ നില്‍ക്കണോ ഓടണോ അതോ തുള്ളിച്ചാടണോ എന്നറിയാതെ ഞാന്‍ നിന്നു. ജീവിത്തതില്‍ എപ്പോഴും റീപ്ലേ അടിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ദിവസവും അതു തന്നെയാണ്.’ കോലി പറഞ്ഞു.

‘രാജ്യത്തിനായി ഓരോ ടൂര്‍ണമെന്റിലും പരമ്പരയിലും കളിക്കുന്നത് നിങ്ങളുടെ നേട്ടങ്ങളാണ്, അതു നിങ്ങളുടെ കരിയറിലെ വിജയങ്ങളാണ്. എന്നാല്‍ എട്ടാം വയസ്സ് മുതല്‍ ആഗ്രഹിച്ചത് കഠിനപ്രയത്നത്തിലൂടെ ഒരു ദിവസത്തിലൂടെ യാഥാര്‍ത്ഥ്യമാകുമ്പോള്‍, രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ നിങ്ങളെ തിരഞ്ഞെടുത്തുമ്പോള്‍, ആ നിമിഷം ഒരിക്കലും ആവര്‍ത്തിക്കാനാകില്ല.’ എന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Top