കോഹ്ലി- രോഹിത് ചേരിപ്പോര് മാധ്യമ സൃഷ്ടി മാത്രമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോഹ്ലി- രോഹിത് ശര്‍മ ചോരിപ്പോരില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച സിഒഎയുടെ മേധാവിയായ വിനോദ് റായ്.

കോഹ്ലിയും രോഹിതും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നു റായ് വ്യക്തമാക്കി. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലിനു ശേഷമാണ് കോഹ്ലിയും രോഹിതും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായതെന്നും കോഹ്ലിയുടെ പല തീരുമാനങ്ങളിലും രോഹിത് അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നുമായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

കൂടാതെ ഇംഗ്ലണ്ടിനെപ്പോലെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന ശൈലി ഇന്ത്യയും കൊണ്ടു വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും റായ് തള്ളിക്കളഞ്ഞു. ഇവയെല്ലാം നിങ്ങള്‍ തന്നെ മെനഞ്ഞെടുത്ത കഥകളാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും ടെസ്റ്റില്‍ മാത്രം കോഹ്‌ലിയെയും നായകരാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍.

Top