വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും ഞെട്ടിച്ച് വിരാട് കൊഹ്ലി. ഏഴ് വര്‍ഷത്തോളം നീണ്ട കാലയളവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്ടന്‍ പദവി കൊഹ്ലി ഒഴിഞ്ഞു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് കൊഹ്‌ലി രാജി തീരുമാനം അറിയിച്ചത്. നേരത്തെ ടി ട്വന്റി, ഏകദിന ക്യാപ്ടന്‍ സ്ഥാനങ്ങളും കൊഹ്‌ലി ഒഴിഞ്ഞത് സമാന രീതിയിലായിരുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമെന്നും തന്റെ ടെസ്റ്റ് ക്യാപ്ടന്‍ പദവിയ്ക്കും ആ ദിനം എത്തിയിരിക്കുകയാണെന്ന് കൊഹ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം നല്‍കിയ ബി സി സി ഐക്കും പരിശീലകര്‍ക്കും നന്ദി പറഞ്ഞ കൊഹ്‌ലി ടീമിന്റെ നായകസ്ഥാനത്തിരുന്ന കാലയളവില്‍ തന്റെ ജോലി പരമാവധി ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിച്ചതായും കുറിച്ചു.

ഈ കാലയളവില്‍ നിരവധി വിജയങ്ങളും പരാജയങ്ങളും നേരിടേണ്ടി വന്നെങ്കിലും ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസം നഷ്ടപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും കൊഹ്‌ലി വ്യക്തമാക്കി. ഏതൊരു ജോലി ഏറ്റെടുക്കുമ്പോഴും 120 ശതമാനവും നല്‍കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും കൊഹ്‌ലി സൂചിപ്പിച്ചു.

2014ലാണ് കൊഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിത്തന്ന ക്യാപ്ടനാണ് കൊഹ്‌ലി.

Top