കോഹ്ലി ലോകകപ്പ് സെമി കളിച്ചത് ഏറെ വേദന സഹിച്ച്: ശാരീരികക്ഷമത അസാധാരണമെന്ന് കൗശിക്

രാധകർ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ശാരീരികക്ഷമതയുടെ കാര്യത്തിലും താരം മറ്റുള്ളവരുടെ ശ്രദ്ധ പി‌ടിച്ചുപറ്റുന്ന താരമാണ് വിരാട്. യോ-യോ ടെസ്റ്റ് പോലും കോഹ്ലിയുടെ കീഴിലായിരുന്നു വന്നത്. ഇന്ത്യൻ ടീമിൽ കളിക്കാൻ യാഗ്യത നേടണമെങ്കിൽ യോ-യോ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കണമെന്ന വ്യവസ്ഥയും വന്നു. ശാരീരികക്ഷമത അനിവാര്യമാണെന്നുള്ള ഒരു സംസ്കാരം തന്നെ സൃഷ്ടിക്കാൻ കോഹ്ലിക്കായി.

ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ കോഹ്ലിക്ക് വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് ശാരീരികക്ഷമതയുടെ അഭാവം കൊണ്ട് നഷ്ടമായത്. 33 കാരനായ കോഹ്ലിയുടെ മികവിനെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കോഹ്ലിയുടെ ശാരീരികക്ഷമതയെപ്പറ്റി വിശദീകരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ മുൻ ഫിസിയോയായ ആശിഷ് കൗശിക്. 2011 ലോകകപ്പ് സമയത്തായിരുന്നു കൗശിക് ടീമിന്റെ ഭാഗമായിരുന്നത്.

“വേദന സഹിക്കാനുള്ള കോഹ്ലിയുടെ കഴിവ് അസാധാരണമാണ്. ചില താരങ്ങളെ വേദന മറ്റെന്തിനേക്കാലും ബാധിക്കും. എന്നാൽ കോഹ്ലിക്ക് വേദന മറികടക്കാനും അതിന് പരിഹാരം കാണാനും മികവുണ്ട്. 2011 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ സെമി ഫൈനലിന് ഇറങ്ങുമ്പോൾ കോഹ്ലിക്ക് കഴുത്തിനും താടിക്കും വേദനയുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാൽ വേദനയെ വളരെ ലളിതമാക്കിയെടുത്ത് കോഹ്ലി കളത്തിലിറങ്ങി,” കൗശിക് ക്രിക്ബസിനോട് പറഞ്ഞു.

“ഒരു ക്രിക്കറ്റ് താരം എപ്പോഴും മറ്റൊരു ക്രിക്കറ്റ് താരവുമായായിരിക്കും തന്നെ താരതമ്യം ചെയ്യുക. എന്നാൽ കോഹ്ലി അങ്ങനെയല്ല. ശാരീരികക്ഷമതയുടേയും പ്രകടനത്തിന്റേയും കാര്യത്തിൽ കോഹ്ലി ലോകോത്തര താരങ്ങളുമായാണ് സ്വയം താരതമ്യം ചെയ്യുന്നത്. അത് അങ്ങനെ എല്ലാവരും ചെയ്യുന്ന ഒന്നല്ല. ശരീരത്തിന് എത്തിപ്പെടാൻ സാധിക്കാത്ത വിധം കടമ്പകൾ സൃഷ്ടിക്കുന്നു. ലോകോത്തര നിലവാരത്തിലേക്ക് എത്താനും കോഹ്ലിക്ക് കഴിയുന്നു,” കൗശിക് കൂട്ടിച്ചേർത്തു.

Top