virat kohli – pakistan

കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെ ഇന്നലെ നടന്ന മല്‍സരത്തിനൊരുക്കിയ പിച്ച് വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നുവെന്ന് കളിയിലെ കേമനും ഇന്ത്യന്‍ ഉപനായകനുമായ വിരാട് കോഹ്‌ലി. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇതെല്ലാം പ്രതീക്ഷിക്കുന്നു.

കളിക്കാന്‍ പുതിയ വെല്ലുവിളികള്‍ ഉണ്ടാവും. അവസാന മല്‍സരത്തില്‍ ഞാന്‍ വളരെ നിരാശനായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതെന്നെ വേദനിപ്പിക്കുകയും ചെയ്തു. ധാക്കയില്‍ പാക്കിസ്ഥാനെതിരെ നേടിയ 49 റണ്‍സ് തൃപ്തി തരുന്നതായിരുന്നു. മികച്ച ബോളിങ് പിച്ചില്‍ ടീമിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയാണ് വേണ്ടതെന്നും കോഹ്‌ലി പറഞ്ഞു.

യുവരാജ് സിങ്ങ് ക്രീസിലെത്തിയപ്പോള്‍ മുതല്‍ മികച്ച പിന്തുണയാണ് നല്‍കിയത്. പന്തുകള്‍ ആഞ്ഞടിച്ച യുവരാജ് സ്‌റ്റൈലില്‍ തന്നെ ബാറ്റുവീശി. ഇത്തരം പ്രകടനങ്ങള്‍ അദ്ദേഹത്തിന് നല്ലതാണെന്നും കോഹ്‌ലി പറഞ്ഞു.

അര്‍ധസെഞ്ചുറി (55 റണ്‍സ്) നേടിയ കോഹ്‌ലി ഇത് ഗ്യാലറിയിലുണ്ടായിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് സമര്‍പ്പിച്ചു. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് സച്ചിന്റെ കളികണ്ടിട്ടാണ്. 67,000 ആളുകള്‍ക്ക് മുന്നില്‍ വച്ച് അദ്ദേഹത്തിനൊപ്പം വിജയം ആഘോഷിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമാണെന്നും കോഹ്‌ലി പറഞ്ഞു.

അശ്വിന്‍ പന്തെറിയാന്‍ തുടങ്ങിയപ്പോഴാണ് പിച്ചിന്റെ പ്രത്യേകത ശ്രദ്ധിച്ചത്. ഇതോടെ ക്രീസില്‍ നിന്നു പുറത്തിറങ്ങി കളിക്കില്ലെന്ന് ബാറ്റിങ്ങ് കോച്ചിനോട് പറഞ്ഞുവെന്നും കോഹ്‌ലി പറഞ്ഞു. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിനാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.

Top