മികച്ച ടീമിനെ നിങ്ങള്‍ തിരഞ്ഞെടുക്കു: മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്ലി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി.

മത്സരത്തിനായി ഇറക്കിയത് മികച്ച ടീമിനെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കോഹ്ലി പൊട്ടിത്തെറിച്ചത്.

ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്ന് ചോദിച്ച കോഹ്ലി ഇപ്പോള്‍ ഇന്ത്യന്‍ ടീം ജയിച്ചിരുന്നെങ്കില്‍ നിലവിലെ പതിനൊന്ന് പേര്‍ മികച്ച ടീമാണെന്ന് പറയുമായിരുന്നോയെന്നും കോഹ്ലി ആരാഞ്ഞു.

‘മികച്ച ടീമിനെ മത്സരത്തിനിറക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ നിങ്ങള്‍ തന്നെ മികച്ച ടീമിനെ തിരഞ്ഞെടുക്കണം. ഞാന്‍ ആ ടീമിനെ വച്ച് കളിക്കാം- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാറ്റിംഗിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമെന്നും കോഹ്ലി പറഞ്ഞു. നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ലീഡ് നേടാനും കഴിയാതെ പോയി. ഞങ്ങള്‍ തന്നെയാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ബൗളര്‍മാര്‍ കുറച്ചെങ്കിലും മാന്യമായി കളിച്ചു. പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും കോഹ്ലി വിശദീകരിച്ചു.

Top