നാലാം തവണയും രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി കോലി

ഡൽഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിലിസ്റ്റിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. 237.7 ദശലക്ഷം ഡോളറാണ് കോലിയുടെ ബ്രാൻഡ് മൂല്യം. ആദ്യ പത്ത് സ്ഥാനങ്ങളില്‍ സിനിമാ രംഗത്തിന് പുറത്ത് നിന്ന് എത്തിയ ഏക താരവും വിരാട് കോലിയാണ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യൺ ഡോളറും രൺവീർ സിങ്ങിന്റെ ബ്രാൻഡ് മൂല്യം 102.9 മില്യൺ ഡോളറുമാണ്. 13.8 ശതമാനമാണ് അക്ഷയ് കുമാറിന്റെ വര്‍ധന. ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവരാണ് ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം പിടിച്ച സ്ത്രീകള്‍. ബ്രാന്റ് മൂല്യം വിലയിരുത്തുന്ന ഡഫ് ആന്റ് ഫെല്‍പ്‌സിന്റേതാണ് റിപ്പോര്‍ട്ട്.

പട്ടികയില്‍ ആദ്യ 20 സ്ഥാനത്തുള്ളവരുടെയും സംയോജിത ബ്രാന്റ് മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞ് ഒരു ബില്യണ്‍ യുഎസ് ഡോളറിലെത്തി. എന്നാല്‍ കോലിയുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. താരങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടിന്റെ പോര്‍ട്‌ഫോളിയോ, സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

51.1 ദശലക്ഷം ഡോളറുമായി ഷാരൂഖ് കാന്‍ നാലാം സ്ഥാനത്താണ്. ദീപിക പദുകോണാണ് അഞ്ചാമത്. 50.4 ദശലക്ഷം ഡോളറാണ് ദീപികയുടെ മൂല്യം. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു ദീപിക. 2019 ല്‍ ഏഴാമതായിരുന്ന ആലിയ ഭട്ട് 48 ദശലക്ഷം ഡോളര്‍ മൂല്യത്തോടെ ആറാമതെത്തി. ആയുഷ്മാന്‍ ഖുറാനയും 48 ദശലക്ഷം ഡോളര്‍ മൂല്യത്തോടെ ആറാമതാണ്. സല്‍മാന്‍ ഖാന്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമിതാഭ് ബച്ചര്‍ 44.2 ദശലക്ഷം ഡോളര്‍ മൂല്യത്തോടെ ഒന്‍പതാമതും ഹൃതിക് റോഷന്‍ 39.4 ദശലക്ഷം ഡോളര്‍ മൂല്യത്തോടെ പത്താം സ്ഥാനത്തുമാണ്. ടൈഗര്‍ ഷ്രോഫും രോഹിത് ശര്‍മ്മയും 15 ഉം 17 ഉം സ്ഥാനങ്ങളിലാണ്. 20ാം സ്ഥാനത്തുള്ള കാര്‍ത്തിക് ആര്യനാണ് പട്ടികയില്‍ ഇടംപിടിച്ച പുതുമുഖം.

Top