കോഹ്‌ലിയോടോ ഇന്ത്യന്‍ ടീമിനോടോ മൃദുസമീപനമില്ലെന്ന് ഓസീസ് ടെസ്റ്റ് ടീം നായകന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ആരോപണം തള്ളി ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കോഹിലിയെ സുഖിപ്പിക്കുന്ന രീതിയില്‍ പെരുമാറിയതായി തന്റെ അറിവിലില്ലെന്നും അദ്ദേഹത്തെ എപ്പോഴെങ്കിലും പുറത്താക്കാതിരിക്കാന്‍ നോക്കിയിട്ടില്ലെന്നും പെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

കോഹ്‌ലിയെ പ്രകോപിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിന് കാരണം പ്രകോപിതനാവുമ്പോഴാണ് കോഹ്‌ലി കൂടുതല്‍ മികവ് പുറത്തെടുക്കുക എന്ന് ഞങ്ങള്‍ക്ക് അറിയാം. വരാനിരിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അതെന്തായാലും ഇന്ത്യന്‍ താരങ്ങളോട് തങ്ങളുടെ ഭാഗത്തുനിന്ന് മൃദുസമീപനം ഉണ്ടാവില്ല. കാരണം എനിക്ക് ഐപിഎല്‍ കരാറൊന്നും കിട്ടാനില്ല. അതുകൊണ്ട് തന്നെ ഒന്നും തന്നെ നഷ്ടപ്പെടാനുമില്ല. ഓസ്‌ട്രേലിയക്കായി കളിക്കാനിറങ്ങുമ്പോഴോ കോഹ്‌ലിയ്‌ക്കെതിരെ പന്തെറിയുമ്പോഴോ ഓസ്‌ട്രേലിയന്‍ താരങ്ങളാരും ഐപിഎല്‍ കരാറിനെക്കുറിച്ച് ചിന്തുക്കുമെന്ന് കരുതുന്നല്ലെന്നും പെയ്ന്‍ പറഞ്ഞു.

ഐപിഎല്ലിലെ കോടികള്‍ മോഹിച്ചാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ഓസീസ് താരങ്ങള്‍ പതിവ് ആക്രമണോത്സുകതയോ ചീത്തവിളിയോ ഒന്നും പുറത്തെടുക്കാത്തതെന്ന് ക്ലാര്‍ക്ക് പറഞ്ഞിരുന്നു.

Top