ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി കരിയറില്‍ ഒന്നും നേടിയിട്ടില്ല: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 11,000 റണ്‍സും പിന്നിട്ടു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ ഐ.സി.സിയുടെ ഒരു കിരീടം നേടാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ലഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇതുവരെ കിരീടം നേടിക്കൊടുക്കാനും കോലിക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കരിയറില്‍ ഒന്നും നേടിയിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീര്‍.

ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഹ്‌ലി കരിയറില്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ പിന്നിടാനുണ്ടെന്നും ഗംഭീര്‍ പറയുന്നു. വലിയ കിരീടങ്ങള്‍ നേടാതെ ഒരിക്കലും പരിഗണിക്കപ്പെടില്ലെന്നും കരിയറിലെ ഒരു സ്വപ്നമായി അത് അവശേഷിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് കോഹ്‌ലി. വിരാട് കോലിയുടെ അതേ കഴിവുള്ള താരങ്ങള്‍ വളരെ കുറവാണ്. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച യോഗ്യത എന്താണെന്നാല്‍ ടീമിലെ കളിക്കാരെ അവരുടെ കഴിവിന് അനുസരിച്ച് അംഗീകരിക്കുക എന്നതാണ്. ഒരിക്കലും താരതമ്യം ചെയ്യാന്‍ പാടില്ല. ഒരാളുടെ കഴിവ് മറ്റൊരാളുടെ കഴിവുമായി താരതമ്യം ചെയ്യരുത്. ഒരോ വ്യക്തിയും വ്യത്യസ്തമാണെന്ന് ഓര്‍ക്കണം.’ ഗംഭീര്‍ പറയുന്നു.

Top