ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍ എന്ന പദവി വിരാട് കോലി സ്വന്തമാക്കി

ദില്ലി: ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ താരമാണ് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരിക്കലും തകരില്ലെന്ന് കരുതിയ പല റെക്കോര്‍ഡും കോലിക്ക് മുന്നില്‍ വഴി മാറി. റണ്‍കൊയ്ത്തിലെ ആശ്ചര്യം കൊണ്ടും മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരത കൊണ്ടും കിംഗ് എന്ന വിശേഷണം തന്നെയുണ്ട് വിരാട് കോലിക്ക്. ആ വിരാട് കോലിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമായിരിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്തെ 22 വാരയ്ക്കകത്ത് അല്ല എന്നാല്‍ കോലിയുടെ ഈ റെക്കോര്‍ഡ്.

മുപ്പത്തിയഞ്ചുകാരനായ വിരാട് കോലി കൂടുതല്‍ രാജ്യാന്തര ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് അടുത്തിടെ ലോകകപ്പില്‍ മറികടന്നിരുന്നു. സച്ചിന് 49 ഉം കോലിക്ക് 50 ഉം സെഞ്ചുറികളാണ് ഏകദിനത്തില്‍ നിലവിലുള്ളത്. 292 ഏകദിനങ്ങളില്‍ 58.68 ശരാശരിയില്‍ 13848 റണ്‍സും 111 ടെസ്റ്റുകളില്‍ 49.3 ശരാശരിയില്‍ 29 ശതകങ്ങളോടെ 8676 റണ്‍സും 111 രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കിംഗിന് സ്വന്തം.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍ എന്ന വിശേഷണമാണ് വിരാട് കോലി പുതിയതായി സ്വന്തമായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയുമടക്കം പേരിലുള്ള ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും കോലിയുടെ പ്രതാപത്തിന് മുന്നില്‍ ഇന്റര്‍നെറ്റില്‍ പിന്നോട്ടായി. 25 വര്‍ഷത്തെ ഇന്റര്‍നെറ്റ് സെര്‍ച്ചുകളെ കുറിച്ചുള്ള വീഡിയോ ഗൂഗിള്‍ പങ്കുവെച്ചപ്പോഴാണ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിയുടെ പേര് തെളിഞ്ഞത്. എന്നാല്‍ 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡ് ചെയ്യപ്പെട്ട ക്രിക്കറ്റര്‍മാര്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ന്യൂസിലന്‍ഡ് യുവ താരം രച്ചിന്‍ രവീന്ദ്രയുമാണ്. മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്വെല്‍, സൂര്യകുമാര്‍ യാദവ്, ട്രാവിസ് ഹെഡ് എന്നിവര്‍ ഈ പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലായുണ്ട്. ആഗോള കായിക ടീമുകളില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗില്‍ വന്ന ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമാണ് എന്നതും പ്രത്യേകതയാണ്.

 

Top