‘ഞാനാണ് പന്തെറിഞ്ഞെങ്കിൽ അവർ 40ന് ഓൾ ഔട്ടാകും’; രാജസ്ഥാനെതിരായ മത്സര ശേഷം വിരാട് കോലി

ജയ്പൂർ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിനെതിരെ വമ്പൻ തോൽവിയാണ് രാജസ്ഥാൻ റോയൽസ് വഴങ്ങിയത്. ആർസിബി ഉയർത്തിയ 172 റൺസ് പിന്തുടർന്ന ബാംഗ്ലൂർ, 10.3 ഓവറിൽ 59 റൺസിന് എല്ലാവരും പുറത്തായി. ബാംഗ്ലൂരിന് 112 റൺസിന്റെ വമ്പൻ ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ കുറിച്ചത്.

2017ൽ കൊൽക്കത്തയ്ക്കെ‌തിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്തായിരുന്നു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. മറുപടി ബാറ്റിങ്ങിൽ, രാജസ്ഥാന്റെ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഷിംറോൺ ഹെറ്റ്‌മിയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നത്. നാല് പേർ പൂജ്യത്തിന് പുറത്തായി.

താൻ കൂടി പന്തെറിഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ നേരത്തേ പുറത്താകുമായിരുന്നെന്നാണ് ബാംഗ്ലൂർ താരം വിരാട് കോലിയുടെ വാദം. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ബാംഗ്ലൂർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ ആയി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണു വിരാട് കോലി അഭിപ്രായം പറഞ്ഞത്. ‘‘ഞാൻ പന്തെറിഞ്ഞിരുന്നെങ്കിൽ, അവർ 40 റൺസിന് ഓൾ ഔട്ടാകുമായിരുന്നു.’’– വിരാട് കോലി അവകാശപ്പെട്ടു.

വിജയത്തോടെ പോയിന്റ് പട്ടികയിൽ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തേക്കു കയറി. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന ലീഗ് മത്സരം. ഇതു വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും രാജസ്ഥാന്റെ ഭാവി. ബാംഗ്ലൂരിനും ഇനിയുള്ള രണ്ടു മത്സരങ്ങളിൽ ജയിച്ചെങ്കിൽ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ.

Top