ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല; രോഹിത്തുമായുള്ള വഴക്കിനെക്കുറിച്ച് കോലിക്ക് പറയാനുള്ളത്…

മുംബൈ: രോഹിത് ശര്‍മ്മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന അഭ്യൂഹം തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു.

ടീമിലെ ഒരു താരവും ടീമിനേക്കാള്‍ വലുതല്ലെന്ന് ശാസ്ത്രി പറഞ്ഞു. ടീമിലെ അന്തരീക്ഷം കലുഷിതമാണെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു കോലിയുടെ പ്രതികരണം.

” ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കത് എന്റെ മുഖത്തു കാണാന്‍ കഴിയും. ടീമിലെ അന്തരീക്ഷം സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാനും കണ്ടിരുന്നു. ടീമിലെ അന്തരീക്ഷം നല്ലതല്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെയാണ് നന്നായി കളിക്കാന്‍ സാധിക്കുക”, കോലി ചോദിച്ചു.

ഒരു മാസം നീളുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഇന്നു രാത്രി പുറപ്പെടാനിരിക്കെയാണ് വിദേശ പര്യടനങ്ങള്‍ക്കു മുന്‍പു പതിവുള്ള മാധ്യമ സമ്മേളനത്തിനായി ശാസ്ത്രിയും കോലിയുമെത്തിയത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍നിന്ന് വിശ്രമമെടുക്കാന്‍ സിലക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി വെളിപ്പെടുത്തി. ലോകകപ്പിനുശേഷം ടീമെന്ന നിലയില്‍ കൂട്ടായ്മയും ഒത്തിണക്കവും നിലനിര്‍ത്തേണ്ട നിര്‍ണായക സമയമാണിതെന്നും കോലി ചൂണ്ടിക്കാട്ടി.

Top