കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല, എല്ലാം നുണക്കഥകളെന്ന് വിരാട് കോഹ്ലി

ലണ്ടൻ: ഇന്ത്യൻ ടീം പരിശീലകൻ അനിൽ കുംബ്ലെയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ മൗനം വെടിഞ്ഞ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‍ലി.

ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായി നടക്കുന്ന മൽസരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാംപിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കോഹ്‌ലി മനസ്സു തുറന്നത്.

‘പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആളുകൾ കാര്യങ്ങളറിയാതെ വെറുതെ ബഹളം വയ്ക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകൾ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഏതൊരു ഡ്രസിങ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇന്ത്യൻ ക്യാംപിലും ഉള്ളത്. നമ്മുടെ വീട്ടിൽപ്പോലും ചിലപ്പോൾ ചില അസ്യാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്നമാണ് എന്നല്ല. എന്തിനു വേണ്ടിയാണ് ഇത്തരം നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ല’– കോഹ്‌ലി പറഞ്ഞു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ അനിൽ കുംബ്ലെയുമായി അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കുംബ്ലെയുമായി ഒത്തുപോകാൻ ഇന്ത്യൻ ടീമിലെ പലർക്കും സാധിക്കിന്നില്ലെന്നുമാണ് വരുന്ന റിപ്പോർട്ടുകൾ. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിടെ സംഭവിച്ച ഈ അകൽച്ച ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കോഹ്‌ലിയുടെ പ്രസ്താവന.

ഞായറാഴ്ചയാണ് ഇന്ത്യാ–പാക്ക് മൽസരം.

Top