ഇംഗ്ലണ്ടിനെതിരായ ജയം മാത്രമല്ല; മുഴുവന്‍ മാച്ച് ഫീസും കേരളത്തിനായി ഇന്ത്യന്‍ ടീം നല്‍കുമെന്ന്

ന്യൂഡല്‍ഹി: പ്രളയക്കെടുതില്‍ വലയുന്ന കേരളത്തിനു സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മല്‍സരത്തിലെ മുഴുവന്‍ മാച്ച് ഫീസും കേരളത്തിനായി ടീം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതില്‍ കൂടുതലോ തുക ലഭിക്കും.

ഒരു ടെസ്റ്റ് മല്‍സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെന്‍ബ്രിജ് ടെസ്റ്റ് മല്‍സരത്തിനു ശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പറഞ്ഞിരുന്നു.

അതേസമയം, ക്യാപറ്റന്‍ വിരാട് കൊഹ്‌ലിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

203 റണ്‍സിനാണ് ട്രെന്‍ബ്രിജില്‍ നടന്ന മൂന്നാം ടെസറ്റ് മല്‍സരത്തില്‍ ഇന്ത്യ ജയിച്ചത്. മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും സ്വന്തമാക്കിയ കൊഹ്‌ലിയാണു മല്‍സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചും.

ജയത്തോടെ അഞ്ചു മല്‍സരങ്ങളടങ്ങുന്ന പരമ്പര 2-1 എന്ന നിലയിലായി. മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.

Top