രാജ്യത്തിന് നിങ്ങള്‍ അഭിമാനമായി മാറും; പാരാലിമ്പിക്സ് താരങ്ങള്‍ക്ക് ആശംസയുമായി വിരാട് കോലി

ന്യൂഡല്‍ഹി: ടോക്യോയില്‍ ഇന്ന് ആരംഭിക്കുന്ന പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി ആശംസകൾ അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ഹോക്കി ടീമിലെ പുരുഷ- വനിത ക്യാപ്ടന്‍മാരും പാരാലിമ്പിക്സ് താരങ്ങള്‍ക്ക് ആശംസ അറിയിച്ചിരുന്നു.

ടോക്യോ പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് എന്റെ ആശംസകളും പിന്തുണയും അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു, നിങ്ങള്‍ ഞങ്ങള്‍ക്ക് അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, കോലി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്.

മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്. ഒമ്പത് കായിക ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിക്കുക. 160 രാജ്യങ്ങളില്‍ നിന്നായി 4400 അത്ലറ്റുകളാണ് ഇക്കുറി പാരാലിമ്പിക്സിന്റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക.

 

 

Top