സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

കിംഗ്സ്റ്റണ്‍: ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

ഏകദിന മത്സരത്തിലെ മറുപടി ബാറ്റിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റിക്കാര്‍ഡാണ് കോഹ്‌ലി മറികടന്നത്. ടീം രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ കോഹ്‌ലി 18 തവണയാണ് സെഞ്ചുറി അടിച്ചത്.

എന്നാല്‍ സച്ചിന്റെ പേരില്‍ 17 സെഞ്ചുറി മാത്രമാണുള്ളത്. 232 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ നേട്ടമെങ്കില്‍ 102 ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ചാണ് കോഹ്‌ലി നാഴികക്കല്ല് പിന്നിട്ടത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ആണ് റണ്‍ ചേസിംഗില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന നേട്ടത്തില്‍ കോഹ്‌ലി എത്തിയത്.

115 പന്തില്‍ രണ്ട് സിക്‌സും 12 ഫോറുകളുടേയും അകമ്പടിയോടെ ആയിരുന്നു സെഞ്ചുറി. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഇതോടെ ഏറ്റവുമധികം സെഞ്ചുറികളുടെ കണക്കില്‍ ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയുടെ ഒപ്പമെത്തി കോഹ്‌ലി.

Top